ദില്ലി: വഖഫ് നിയമ ഭേദഗതി ഭാഗികമായി സ്റ്റേ ചെയ്ത് സുപ്രീം കോടതി വിധി. വിവാദ വ്യവസ്ഥകളില്‍ ചിലത് സ്റ്റേ ചെയ്തുകൊണ്ടാണ് നിര്‍ണായക വിധി പറഞ്ഞത്. നിയമം പൂര്‍ണമായും സ്റ്റേ ചെയ്യാനാകില്ലെന്നും അപൂര്‍വമായ സാഹചര്യങ്ങളില്‍ മാത്രമാണ് സ്റ്റേ നല്‍കാറുള്ളുവെന്നും സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കി. അഞ്ചുവര്‍ഷം ഇസ്ലാം അനുഷ്ഠിച്ചാലെ വഖഫ് അനുഷ്ഠിക്കാനാകുവെന്ന നിയമത്തിലെ വ്യവസ്ഥ ഉള്‍പ്പെടെയാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. അന്വേഷണം നടക്കുമ്പോള്‍ വഖഫ് ഭൂമി അതല്ലാതാകുമെന്ന വ്യവസ്ഥയും സ്റ്റേ ചെയ്തു. വഖഫ് സമിതികളില്‍ മുസ്ലിങ്ങള്‍ അല്ലാത്തവരുടെ എണ്ണവും നിജപ്പെടുത്തി. ബോര്‍ഡുകളില്‍ മൂന്നില്‍ കൂടുതല്‍ അമുസ്ലിങ്ങള്‍ പാടില്ലെന്നാണ് കോടതി ഉത്തരവിട്ടത്. വഖഫ് നിയമഭേദഗതി ചോദ്യംചെയ്യുന്ന ഹര്‍ജികളിലാണ് ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് നിയമത്തിലെ ചില വ്യവസ്ഥകള്‍ സ്റ്റേ ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്. കഴിഞ്ഞ മേയ് 22 നാണ് നിയമത്തിന്റെ ഭരണഘടനസാധ്യത ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റിയത്. പുതിയനിയമത്തിലെ വകുപ്പുകളുടെ ഭരണഘടനാസാധുത ചോദ്യംചെയ്യുന്ന മുഖ്യവിഷയം പിന്നിട് പരിഗണിക്കും.
നിയമം ഭരണഘടന ലംഘനമാണ്, വഖഫ് സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ നീക്കുന്നു, ബോര്‍ഡുകളില്‍ ഇതരമതസ്ഥരുടെ നിയമനം തെറ്റാണ് ഇന്നീ കാര്യങ്ങളാണ് ഹര്‍ജിക്കാര്‍ വാദിച്ചത്. അഞ്ചുവര്‍ഷം മുസ്സീ മതം അനുഷ്ഠിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ദീര്‍ഘകാല ഉപയോഗം കൊണ്ട് വഖഫായ സ്വത്തുക്കള്‍ക്ക് സാധുതയുണ്ടെന്നും എല്ലാ സ്വത്തുക്കള്‍ക്കും രേഖകള്‍ നിര്‍ബന്ധമാക്കാനാകില്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചിരുന്നു. അന്വേഷണം തുടങ്ങിയാലുടന്‍ വഖഫ് സ്വത്ത് അതല്ലാതാകുമെന്ന വ്യവസ്ഥ അംഗീകരിക്കാനാവില്ലെന്നുമായിരുന്നു വാദം.
നിയമത്തില്‍ ഭരണഘടനാ വിരുദ്ധതയില്ലെന്നും വഖഫ് ഇസ്സാമിലെ ആനിവാര്യമായ മതാചാരമല്ലെന്നും സ്വത്തുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മതാടിസ്ഥാനത്തില്‍ അല്ല തീരുമാനമെന്നുമായിരുന്നു കേന്ദ്രത്തിന്റെ വാദം. വഖഫില്‍ പുറമ്പോക്കുണ്ടോയെന്ന് പരിശോധിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും നിയമപ്രകാരമുള്ള നടപടികളില്‍ എതിര്‍പ്പുണ്ടെങ്കില്‍ കോടതിയെ സമീപിക്കാമെന്നും ഏകപക്ഷീയമായി നിയമം പാസാക്കിയെന്ന് ഹര്‍ജിക്കാരുടെ വാദം തെറ്റാണെന്നുമാണ് കേന്ദ്രം വാദിച്ചത്.