കൊച്ചി: കൊച്ചി വൈറ്റിലയില്‍ യുവതിയെ കൊലപ്പെടുത്തി റെയില്‍വേ ട്രാക്കില്‍ തള്ളിയ നിലയില്‍ കണ്ടെത്തിയ കേസില്‍ പ്രതിയെ തിരിച്ചറിഞ്ഞ് പൊലീസ് പിടികൂടി. കൊച്ചി സ്വദേശിയായ ഷാജിയെന്നയാളാണ് പിടിയിലായത്. പ്രതിയെ മരട് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. ഇരുവരും തമ്മില്‍ നേരത്തെ പരിചയം ഉണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിക്കൊപ്പം യുവതി നടന്നു പോകുന്ന ദൃശ്യങ്ങളാണ് കേസില്‍ വഴിത്തിരിവായത്. ഇരുവരും കാറില്‍ നിന്ന് ഇറങ്ങി നടക്കുന്നതിന്റെ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ട്രാക്കിന് സമീപം പിന്നീട് ഷാജി ഒറ്റയ്ക്ക് നടന്നു പോകുന്ന ദൃശ്യങ്ങളും പൊലീസ് കിട്ടി. ഈ സമയം ഷാജിയുടെ ഷര്‍ട്ടില്‍ രക്തക്കറ ഉണ്ടായിരുന്നു. ഇതോടെയാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞ് പിടികൂടിയത്. കോട്ടയം സ്വദേശിയായ സുധ ബേബിയെന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഉപയോഗശൂന്യമായ പാളം എന്നറിയാതെ കൊലപാതകി, മൃതദേഹം ഉപേക്ഷിച്ചതോടെയാണ് ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം പൊളിഞ്ഞത്.
വൈറ്റിലയിലൂടെ കടന്നുപോയ അമൃത എക്‌സ്പ്രസിന്റെ ലോക്കോ പൈലറ്റ് ആണ് ട്രാക്കിനോട് ചേര്‍ന്ന് യുവതിയുടെ മൃതശരീരം ആദ്യം കാണുന്നത്. വിവരമറിഞ്ഞെത്തിയ പൊലീസ് ട്രെയിനില്‍ നിന്ന് വീണ് മരിച്ചതാണോ എന്ന് സംശയത്തില്‍ പരിശോധന നടത്തി. എന്നാല്‍ ട്രെയിന്‍ തട്ടി മരിച്ചതിന്റെ പരിക്കുകള്‍ അല്ല മൃതദേഹത്തില്‍ കണ്ടത്. മുഖത്ത് അടിച്ചതിന്റെ പാടുകളും ശരീരത്തില്‍ രക്തക്കറയും കണ്ടതോടെ കൊലപാതകം എന്ന സംശയമായി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം കൊലപാതകത്തിനുള്ള സാധ്യത പൊലീസ് ഉറപ്പിച്ചു. തൊട്ടടുത്ത് കണ്ടെത്തിയ മൊബൈല്‍ ഫോണിന്റെ സിം വിശദാംശങ്ങള്‍ കോട്ടയം സ്വദേശി സുധാ ബേബി എന്ന യുവതിയിലേക്ക് പൊലീസിനെ എത്തിച്ചു. ഏകദേശം 35 വയസ്സുള്ള യുവതിയെ കൊലപ്പെടുത്തി ട്രാക്കില്‍ തള്ളാനാണ് കൊലപാതകി ശ്രമിച്ചത്. ട്രെയിനിന് മുന്നില്‍ ചാടിയുള്ള ആത്മഹത്യയെന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനാകുമെന്നും പ്രതി കരുതിയിരിക്കാം. എന്നാല്‍ എറണാകുളം കോട്ടയം ട്രാക്കിന്റെ സര്‍വ്വീസ് ഇല്ലാത്ത ഉപയോഗിക്കാതെ കിടക്കുന്ന പാളത്തിലാണ് മൃതദേഹം പ്രതി ഉപേക്ഷിച്ചത്. ഇതോടെയാണ് ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം പൊളിഞ്ഞത്. വിശദമായ അന്വേഷണത്തിലാണ് യുവതിക്കൊപ്പം മറ്റൊരാള്‍ പോകുന്ന സി സി ടി വി ദൃശ്യം പൊലീസിന് ലഭിച്ചത്. ഈ ദൃശ്യങ്ങളില്‍ നിന്നുള്ള സൂചനകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് മരട് പൊലീസ്, കൊലപാതകിയായ ഷാജിയെ കണ്ടെത്തിയത്. കൊച്ചി വൈറ്റില മേല്‍പ്പാലത്തിന് തൊട്ട് താഴെയാണ് മൃതദേഹം കണ്ടെത്തിയത്. നിരവധി സ്ഥാപനങ്ങള്‍ സമീപത്തുണ്ടെങ്കിലും രാത്രിയായാല്‍ വെളിച്ചമില്ലാത്ത ഈ പ്രദേശം സാമൂഹ്യവിരുദ്ധരുടെ താവളമാണെന്നാണ് നാട്ടുകാരുടെ പരാതി.