ദില്ലി: സീറ്റ് നിഷേധിച്ച ഹൈക്കമാന്റ് നടപടിക്കു പിന്നാലെ കടുത്ത തീരുമാനത്തില്‍ നിന്ന് അയഞ്ഞ് കെ. സുധാകരന്‍. കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാര്‍ജ്ജുന ഗാര്‍ഗെയാണ് സുധാരനെ അനുനയിപ്പിച്ചത്. കണ്ണൂരില്‍ മത്സരിക്കാന്‍ ഇ്‌ല്ലെന്നും പാര്‍ട്ടിക്ക് വിധേയനായി തുടരുമെന്ന് സുധാകരന്‍ ദില്ലിയില്‍ പറഞ്ഞു 'പാര്‍ട്ടിയുടെ അംഗീകാരം ലഭിക്കുമെങ്കില്‍ മത്സരിക്കും. പുതിയ കാര്യങ്ങളുമായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച് മുന്നോട്ടുപോകും. പാര്‍ട്ടിയില്‍ തുടരാതെ പിന്നെ എങ്ങോട്ടാണ് പോകേണ്ടത്?. സ്ഥാനാര്‍ഥിത്വം നിഷേധിച്ചെന്നല്ലാതെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിട്ടൊന്നുമില്ലല്ലോ?. പാര്‍ട്ടി എത്രയോ വലുതാണ്. ഞാന്‍ എത്രയോ ചെറുതാണ്. പാര്‍ട്ടിയെ വെല്ലുവിളിക്കാന്‍ ആളല്ല. പാര്‍ട്ടിക്ക് വിധേയനായി നില്‍ക്കാനാണ് തീരുമാനം. കേരളത്തില്‍ എല്ലായിടത്തും എന്റെ ആളുകളുണ്ട്. അത് കമ്മിറ്റിയുണ്ടാക്കാനും നേതാക്കളെ ഉണ്ടാക്കാനും വേണ്ടിയുള്ളതല്ല. പാര്‍ട്ടിക്ക് വേണ്ടിയുള്ള പൊതുപ്രവര്‍ത്തനത്തിന് വേണ്ടിയുള്ളതാണ്. പാര്‍ട്ടിയെ അനുസരിച്ച് മുന്നോട്ടു പോകും' -കെ.സുധാകരന്‍ പറഞ്ഞു.
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വിളിച്ചതിനു പിന്നാലെയാണു സുധാകരന്‍ നിലപാട് മയപ്പെടുത്തിയത് എന്നാണു സൂചന. ഒരാള്‍ക്ക് സീറ്റ് നല്‍കിയാല്‍ മറ്റുള്ളവര്‍ക്കും കൊടുക്കേണ്ടി വരുമെന്ന് ഖര്‍ഗെ സുധാകരനോട് പറഞ്ഞെന്നാണു റിപ്പോര്‍ട്ട്. കണ്ണൂരില്‍ കെ.സുധാകരനെ മത്സരിപ്പിക്കില്ലെന്ന സൂചന ലഭിച്ചതിനു പിന്നാലെ കോണ്‍ഗ്രസുമായി കെ സുധാകരന്‍ ഇടഞ്ഞിരുന്നു. കണ്ണൂരില്‍ മത്സരിക്കുമെന്നു പലതവണ അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. കണ്ണൂരില്‍ ടി.ഒ.മോഹനനെ മല്‍സരിപ്പിക്കുമെന്ന വിവരം പുറത്തുവന്നതോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി സുധാകരന്‍ കണ്ണുരില്‍ മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇതിനു പിന്നാലെയാണ് പാര്‍ട്ടിയില്‍ വിധേയനായി തുടരാനുള്ള തീരുമാനം സുധാകരന്‍ പ്രഖ്യാപിച്ചത്.