കെ.എം. സന്തോഷ്
ഇറാന്‍ - ഇസ്രായേല്‍, യുഎസ് യുദ്ധം നീണ്ടു പോകുമ്പോള്‍ ഇറാന്‍ നടപടികള്‍ കൂടുതല്‍ കടുത്തതാക്കുകയാണ്. ഇതിനിടയില്‍ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നു പോകുന്ന ഭൂഖണ്ഡങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഇന്റര്‍നെറ്റ് കേബിളുകള്‍ (Subsea Cables) ഇറാന്‍ തകര്‍ക്കുമോ എന്ന ആശങ്ക ആഗോള തലത്തില്‍ ഉയരുകയാണ്. ലോകത്തെ ഇന്റര്‍നെറ്റ് ഡാറ്റുടെ 90 ശതമാനത്തിലേറെ കൈമാറുന്നത് ചെങ്കടല്‍, ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നു പോകുന്ന ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകളിലൂടെയാണ്.
ഗള്‍ഫ് മേഖലയിലെ വന്‍കിട ഡാറ്റാ സെന്ററുകളെയും ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന AAE-1, FALCON തുടങ്ങിയ കേബിളുകള്‍ ഹോര്‍മുസ് കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്. യൂറോപ്പിനെയും ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളെയും ബന്ധിപ്പിക്കുന്നപ്രധാന കണ്ണിയായ 17-ഓളം കേബിളുകള്‍ ചെങ്കടല്‍ വഴിയാണ് കടന്നു പോകുന്നത്.
ടാറ്റാ-TGN ഗള്‍ഫ് പോലുള്ള കേബിളുകള്‍ ഇന്ത്യയുടെ വിദേശ ഡാറ്റാ വിനിമയത്തില്‍ നിര്‍ണായകമാണ്. ഇറാന്‍ ഈ മേഖലയില്‍ മൈനുകള്‍ വിതറിയിരിക്കുന്നതിനാല്‍ കേബിളുകള്‍ക്ക് തകരാര്‍ സംഭവിച്ചാല്‍ അവ അറ്റകുറ്റപ്പണി നടത്താന്‍ കപ്പലുകള്‍ക്ക് എത്താനുമാവില്ല. കേബിള്‍ മുറിക്കപ്പെടുകയോ മൈന്‍ സ്‌ഫോടനത്തില്‍ തകരുകയോ ചെയ്താല്‍ ഇന്ത്യയിലെ ബാങ്കിങ്, ഐടി മേഖലകള്‍ നിശ്ചലമാകും.
യുഎഇയിലും സൗദി അറേബ്യയിലും ഗൂഗിളും മൈക്രോസോഫ്റ്റും ആമസോണും കോടിക്കണക്കിന് ഡോളര്‍ മുടക്കി ഡാറ്റാ സെന്ററുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഈ മേഖലയെ ആഗോള എഐ ഹബ്ബാക്കി മാറ്റാനായിരുന്നു ലക്ഷ്യം. അതിനാല്‍ ഈ ആഗോള ടെക് ഭീമന്‍മാരും ഇപ്പോള്‍ ആശങ്കയിലാണ്.
ഇറാന്റെ എണ്ണപ്പാടങ്ങള്‍ ഇസ്രയേല്‍ ലക്ഷ്യം വെക്കുമ്പോള്‍, തിരിച്ചടിയായി ലോകത്തിന്റെ ഡിജിറ്റല്‍ ആശയവിനിമയം തകര്‍ക്കാന്‍ ഇറാന്‍ മുതിര്‍ന്നേക്കാമെന്ന് നിരീക്ഷകര്‍ കരുതുന്നു. ഹോര്‍മുസ് കടലിടുക്കിലെ ആഴം കുറഞ്ഞ ഭാഗങ്ങളിലൂടെയാണ് കേബിളുകള്‍ കടന്നുപോകുന്നത്. മുന്‍പ് ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ ചെങ്കടലിലെ കേബിളുകള്‍ തകര്‍ന്നപ്പോള്‍ മാസങ്ങളോളമാണ് ഇന്റര്‍നെറ്റ് വേഗത കുറഞ്ഞത്. ഇപ്പോള്‍ രണ്ട് പ്രധാന പാതകളും ഒരേസമയം അടയ്ക്കപ്പെട്ടാല്‍ അത് ആഗോളതലത്തില്‍ 'ഡിജിറ്റല്‍ ബ്ലാക്ക്ഔട്ടിലേക്കു നീങ്ങും.