ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കില്‍ രണ്ട് ഇറാനിയന്‍ എണ്ണക്കപ്പലുകള്‍ അമേരിക്കന്‍ സൈന്യം വെടിവെച്ച് തകര്‍ത്തതായി റിപ്പോര്‍ട്ട്. ഇറാനിയന്‍ സേനയുമായുള്ള വെടിവെപ്പിന് പിന്നാലെയായിരുന്നു അമേരിക്കയുടെ നാടകീയമായ സൈനിക നീക്കം. ആക്രമണത്തിന്റെ വീഡിയോ യുഎസ് പുറത്തുവിട്ടു. നിലവിലുള്ള ദുര്‍ബലമായ വെടിനിര്‍ത്തല്‍ കരാറിനെയും ആഗോള ഊര്‍ജ്ജ സുരക്ഷയെയും ഈ സംഭവം വലിയ തോതില്‍ ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇറാനിയന്‍ തുറമുഖങ്ങള്‍ക്കുമേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം ലംഘിക്കാന്‍ ശ്രമിച്ച രണ്ട് കപ്പലുകളെയാണ് യുഎസ് യുദ്ധവിമാനങ്ങള്‍ ആക്രമിച്ച് പ്രവര്‍ത്തനരഹിതമാക്കിയതെന്നും തങ്ങളുടെ നാവിക കപ്പലുകള്‍ക്ക് നേരെയുള്ള ഇറാന്റെ ആക്രമണശ്രമങ്ങളെ പ്രതിരോധിച്ചതായും യുഎസ് അവകാശപ്പെട്ടു.
ഇതിനിടെ യുഎഇയില്‍ ഇറാന്‍ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. അമേരിക്കന്‍ സൈന്യത്തിന് ഭീഷണി ഉയര്‍ത്തുന്നവരെ വെറുതേവിടില്ലെന്നും അവരെ തകര്‍ക്കുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ മുന്നറിയിപ്പ് നല്‍കി. അതേസമയം, സൈനികമായ തിരിച്ചടികള്‍ക്കിടയിലും ഇറാന്റെ ഭാഗത്തുനിന്ന് ഒരു നയതന്ത്ര പരിഹാരം തങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സാഹചര്യം വഷളാകുന്നുണ്ടെങ്കിലും വെടിനിര്‍ത്തല്‍ കരാര്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെടുന്നത്. എന്നാല്‍, ഇറാന്‍ തങ്ങളുടെ ആണവ പദ്ധതികള്‍ നിയന്ത്രിക്കാനും കപ്പല്‍പ്പാത തുറക്കാനും തയ്യാറായില്ലെങ്കില്‍ പൂര്‍ണതോതിലുള്ള ബോംബാക്രമണം പുനരാരംഭിക്കുമെന്ന് ട്രംപ് പറഞ്ഞു. അതേസമയം, നയതന്ത്ര ചര്‍ച്ചകള്‍ മേശപ്പുറത്തുള്ളപ്പോള്‍ അമേരിക്ക സൈനിക സാഹസത്തിനാണ് മുതിരുന്നതെന്നും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് അമേരിക്കയാണെന്നും ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി കുറ്റപ്പെടുത്തി.