കോഴിക്കോട് : സാധനയുടെ ചിഹ്നമാണ് പൂണുനൂൽ അല്ലാതെ ജാതിചിഹ്നമല്ല എന്ന് ആചാര്യശ്രീ രാജേഷ് അഭിപ്രായപ്പെട്ടു. ജാതിലിംഗഭേദമന്യേ വേദക്ഷേത്രത്തിൽ നടന്ന ശ്രാവണി ഉപാകർമത്തിന് നേതൃത്വം നൽകിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധന ഒരു നൈരന്തര്യമാണ്. സാധനയിൽ മുന്നോട്ടുപോകുമ്പോൾ പല ചതിക്കുഴികൾ ഉണ്ടാകും. അതിൽ വീഴാതിരിക്കാൻ സ്ഥൂലം, സൂക്ഷ്മം, കാരണം എന്നീ മൂന്ന് ശരീരങ്ങളെ ഭഗവാനിൽ സമർപ്പിക്കണം. അതിന്റെ ബാഹ്യ ചിഹ്നമാണ് മൂന്നിഴ പൂണുനൂൽ, അദ്ദേഹം കൂട്ടിച്ചേർത്തു. സ്ത്രീകൾ ഉൾപ്പെടെ ആചാര്യശ്രീ രാജേഷിന്റെ നൂറുകണക്കിന് ശിഷ്യർ പൂണുനൂൽ മാറ്റിധരിക്കാൻ വേദക്ഷേത്രത്തിൽ എത്തിയിരുന്നു. പ്രവീൺകുമാർ ശാസ്ത്രി, കൃഷ്ണചന്ദ്ര വേദാലങ്കാർ എന്നിവരുടെ കാർമികത്വത്തിൽ ഉപാകർമ യജ്ഞവും തർപ്പണവും നടന്നു. സ്ഥലപുണ്യാഹം, ഋത്വിഗ്വരണം, യജ്ഞസങ്കല്പം, സ്വസ്തിവാചനം, ശാന്തികരണം, സാമാന്യ പ്രകരണം, വ്യാഹൃത്യാഹുതി, വ്രതപാലനമന്ത്രാഹുതി, പ്രാജാപത്യാഹുതി, സ്വിഷ്ടകൃതാഹുതി, പവമാനി ആഹുതി, മംഗള അഷ്ടാജ്യാഹുതി, ഗായത്രീമന്ത്രാഹുതി പൂർണാഹുതി എന്നിവയോടു കൂടിയതായിരുന്നു ഉപാകർമ യജ്ഞം. തുടർന്ന് അന്നപ്രസാദവിതരണവും നടന്നു.