Bengaluru-Mumbai Superfast Train
ബംഗളൂരു: ബെംഗളൂരുകാരുടെ ഏറെ നാളത്തെ കാത്തിരിപ്പായ ബംഗളൂരു - മുംബൈ സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ സര്‍വീസ് ജൂണില്‍ ആരംഭിച്ചേക്കും. കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഇക്കാര്യം അറിയിച്ചത്. ബഗളൂരുവില്‍ നിന്ന് മുംബൈയിലേക്ക് അതിവേഗ ട്രെയിന്‍ വേണമെന്ന ആവശ്യം കാലങ്ങളായുണ്ട്. വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ഇറങ്ങുമ്പോള്‍ ഈ റൂട്ട് പരിഗണിക്കുമെന്ന് നേരത്തെ റെയില്‍വേ മന്ത്രി അറിയിച്ചിരുന്നു. അതിനായുള്ള കാത്തിരിപ്പിനിടെയാണ് പുതിയ സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ എത്തുന്നത്.
കഴിഞ്ഞ വര്‍ഷം, ബംഗളൂരുവിനും - മുംബൈയ്ക്കും ഇടയില്‍ രണ്ടാമത്തെ നേരിട്ടുള്ള സൂപ്പര്‍ഫാസ്റ്റ് സര്‍വീസിന് റെയില്‍വേ മന്ത്രാലയം അംഗീകാരം നല്‍കി. ഉദ്യാന്‍ എക്‌സ്പ്രസ് ആരംഭിച്ചതിന് ഏകദേശം മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് പുതിയ ട്രെയിന്‍ അനുവദിച്ചത്. കേന്ദ്ര ഭക്ഷ്യ-പൊതുവിതരണകാര്യ മന്ത്രി പ്രഹ്ലാദ് ജോഷി റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവുമായി കര്‍ണാടകയുമായി ബന്ധപ്പെട്ട വിവിധ റെയില്‍ വികസന പദ്ധതികളും കണക്റ്റിവിറ്റി ആവശ്യങ്ങളും സംബന്ധിച്ച് നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് നിര്‍ണായക പ്രഖ്യാപനം നടത്തിയത്.
ജൂണ്‍ മാസത്തില്‍ ബെംഗളൂരു - മുംബൈ സൂപ്പര്‍ഫാസ്റ്റ് ട്രെയിനിന്റെ സര്‍വീസ് ആരംഭിക്കാന്‍ കഴിയുമെന്നാണ് റെയില്‍വേ മന്ത്രാലയം ഉറപ്പ് നല്‍കിയതെന്ന് പ്രഹ്ലാദ് ജോഷി വ്യക്തമാക്കി. പുതിയ ട്രെയിന്‍ സര്‍വീസ് ഈ റൂട്ടിലുള്ള ലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രയോജനം ചെയ്യുമെന്നും വ്യാപാരവും വാണിജ്യവും കൂടുതല്‍ ഉത്തേജിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.
പുതിയ സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ കര്‍ണാടകയിലെ പ്രധാന നഗരങ്ങളിലൂടെയാണ് സര്‍വീസ് നടത്തുകയെന്നും മന്ത്രി വ്യക്തമാക്കി്. തുംകുരു, ദാവണഗെരെ, ഹാവേരി, ഹുബ്ബള്ളി-ധാര്‍വാഡ്, ബെലഗാവി എന്നിവിടങ്ങളിലൂടെ മധ്യ കര്‍ണാടക റൂട്ടിലൂടെയാകും ട്രെയിന്‍ കടന്നുപോവുക. ഉത്തര-ദക്ഷിണ കര്‍ണാടകയ്ക്കിടയിലെ യാത്രയും ഐടി നഗരത്തില്‍ നിന്ന് വാണിജ്യ നഗരമായ മുംബൈയിലേക്ക് നേരിട്ടുള്ള റെയില്‍ ബന്ധവും പുതിയ ട്രെയിന്‍ സര്‍വീസോടെ കൂടുതല്‍ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.