കോഴിക്കോട്: തെരഞ്ഞെടുപ്പ് ഫലം വന്ന് ഒന്‍പത് ദിവസമായിട്ടും കേരളത്തിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മുസ്ലിം ലീഗ് അടിയന്തര യോഗം വിളിച്ചു. നാളെ 10 മണിക്ക് പാണക്കാട്ടാണ് മുസ്ലിം ലീഗ് നേതൃയോഗം. മുഖ്യമന്ത്രിയെ സംബന്ധിച്ച് കോണ്‍ഗ്രസ് നിലപാടില്‍ എന്തു സമീപനം സ്വീകരിക്കണമെന്ന് യോഗം ചര്‍ച്ച ചെയ്യും. മുസ്ലിം ലീഗിന്റെ നിലപാടിന് അനുകൂലമല്ല കോണ്‍ഗ്രസിന്റെ തീരുമാനം എങ്കില്‍ എന്ത് നിലപാട് സ്വീകരിക്കണം എന്നാണ് ചര്‍ച്ച ചെയ്യുക.
ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഒരാള്‍ മുഖ്യമന്ത്രിയാകണം എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ലീഗ്. സമവായ സ്ഥാനാര്‍ത്ഥിയായി രമേശ് ചെന്നിത്തല വന്നാലും ലീഗ് എതിര്‍ക്കില്ല. പക്ഷേ കെ സി വേണുഗോപാലെന്ന തീരുമാനത്തില്‍ ഹൈക്കമാന്‍ഡ് എത്തിയാല്‍ എന്തു നിലപാട് സ്വീകരിക്കണം എന്നാണ് ലീഗ് ചര്‍ച്ച ചെയ്യുക.
മുഖ്യമന്ത്രി തീരുമാനം വൈകുന്നതില്‍ ലീഗിന്റെ എംല്‍എമാരടക്കം പരസ്യമായി രംഗത്തെത്തുന്ന സാഹചര്യം നിലവിലുണ്ട്. മുഖ്യമന്ത്രിയാരാകണമെന്ന കാര്യത്തില്‍ പെട്ടെന്ന് തീരുമാനമുണ്ടായില്ലെങ്കില്‍ പ്രത്യാഘാതം ഉണ്ടാകുമെന്നാണ് ലീഗ് നേതാക്കളുടെ മുന്നറിയിപ്പ്. കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യം തിരിച്ചറിയണമെന്നാണ് ആവശ്യം. സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഇടപെടേണ്ട പല കാര്യങ്ങളുമുണ്ട്. എവിടെ ചെന്നാലും ആളുകള്‍ക്ക് അതൃപ്തിയാണ്. ഇതിനാണോ വോട്ടു ചെയ്തതെന്ന് ആളുകള്‍ ചോദിക്കുന്നു. അണികള്‍ക്കൊപ്പം നേതൃത്വം ഉയരണമെന്നും ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു.