ചെന്നൈ: തമിഴകത്ത് രാഷ്ട്രീയ നാടകം തുടരുന്നു. വിജയ്യുടെ സത്യപ്രതിജ്ഞയില്‍ ഇനിയും തീരുമാനമായില്ല. അതേസമയം, ഭൂരിപക്ഷം വ്യക്തമാക്കാതെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഗവര്‍ണര്‍. രണ്ട് അംഗങ്ങളുള്ള വിസികെയുടെ നിലപാട് ഇന്നറിയാം. അതിനിടെ, ടിവികെ വ്യാജക്കത്ത് തയാറാക്കിയെന്ന് ആരോപണം ഉയര്‍ന്നു. ഇത് നിഷേധിച്ച് ടിവികെയും രംഗത്തെത്തി. അതേസമയം, ഭരണപരിചയമോ രാഷ്ട്രീയ പരിചയമോ ഇല്ലാത്തത് ടിവികെയുടെ നീക്കങ്ങള്‍ പൊളിയാന്‍ കാരണമാകുന്നുണ്ടെന്നാണ് വിലയിരുത്തല്‍.
തമിഴകത്ത് സര്‍ക്കാരിനായി രണ്ടാമതൊരു അവകാശവാദം കൂടി ഗവര്‍ണര്‍ക്ക് മുന്നിലെത്തിയിരിക്കുകയാണ്. ടി ടി വി ദിനകരന്‍ ലോക്ഭവനിലെത്തി ഗവര്‍ണറെ കണ്ടു. ഇപിഎസിനെ മുഖ്യമന്ത്രി ആക്കണമെന്നാണ് എഎംഎംകെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. കത്തില്‍ ദിനകരന്റെയും പാര്‍ട്ടിയുടെ ഏക എംഎല്‍എയുടെയും ഒപ്പാണുള്ളത്. വിജയ്ക്ക് ഭൂരിപക്ഷം ഇല്ലെന്നും വ്യാജ ഭൂരിപക്ഷ കത്തുണ്ടാക്കിയെന്നും ടി ടി വി ദിനകരന്‍ പറയുന്നു. ഇതോടെ വിജയ് സത്യപ്രതിജ്ഞ ഉണ്ടായേക്കില്ലെവന്ന സൂചന പുറത്തുവന്നു. വിജയ്‌യുടെ ഭൂരിപക്ഷം ഉറപ്പായിട്ടില്ലെന്നാണ് ലോക്ഭവന്‍ പറഞ്ഞത്. 116 പേരുടെ മാത്രമേ പിന്തുണക്കത്ത് കിട്ടിയിട്ടുള്ളൂ. ഭൂരിപക്ഷം ഉറപ്പിക്കണമെന്നും അതില്ലാതെ സത്യപ്രതിജ്ഞ അനുവദിക്കില്ലെന്നുമാണ് ഗവര്‍ണര്‍ അറിയിച്ചത്.