തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു. 99.07 വിജയശതമാനമാണ് ഇത്തവണയുള്ളത്. വിജയശതമാനം കുറഞ്ഞു. 4,14,290 വിദ്യാര്‍ത്ഥികള്‍ ഉന്നതവിദ്യാഭ്യാസ യോഗ്യത നേടി. 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ 61,449 വിദ്യാര്‍ത്ഥികള്‍ക്കാണ് ഫുള്‍ എപ്ലസ് ലഭിച്ചത്. 99.22 ശതമാനം പെണ്‍കുട്ടികള്‍ യോഗ്യത നേടി. വിജയശതമാനത്തില്‍ പെണ്‍കുട്ടികളാണ് മുന്നിലുള്ളത്. 20771 പെണ്‍കുട്ടികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചു. 9743 ആണ്‍കുട്ടികള്‍ ഫുള്‍ എ പ്ലസ് നേടി.
പ്രൈവറ്റ് പരീക്ഷ ഫലത്തില്‍ 251 പേര്‍ പരീക്ഷ എഴുതിയതില്‍ 189 പേര്‍ ജയിച്ചു. 75.3 ശതമാണ് വിജയം. വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല കുട്ടനാട് ആണ്. ജില്ല 100 ശതമാനം വിജയം നേടി. വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല പത്തനംതിട്ടയാണ്. കൊല്ലം ജില്ലയിലെ 11.6 ശതമാനം കുട്ടികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചു. 3059 സ്‌കൂളുകളില്‍ പരീക്ഷ നടന്നു. 72 ക്യാമ്പുകളിലായിട്ടാണ് മൂല്യനിര്‍ണ്ണയം നടത്തിയത്. ഡിജി ലോക്കറിലും വാട്‌സാപ്പ് സന്ദേശത്തിലും ഫലം ലഭിക്കും. സേ പരീക്ഷ ജൂണ്‍ ജൂണ്‍ ആദ്യവാരം നടക്കും. ജൂണ്‍ അവസാനത്തോടെ ഫല പ്രഖ്യാപനമുണ്ടാകും. പുനര്‍ മൂല്യനിര്‍ണ്ണയത്തിന് മേയ് 16 മുതല്‍ 21 വരെ അപേക്ഷിക്കാം.