കോഴിക്കോട്. മത്സരിച്ചേ മതിയാകൂ എന്ന വാശി എ.കെ. ശശീന്ദ്രന് വിനയായി. സ്വന്തം പാര്‍ട്ടിയില്‍ നിന്നു പോലും ശക്തമായ എതിര്‍പ്പുണ്ടായിട്ടും എലത്തൂരില്‍ താന്‍ തന്നെ മത്സരിക്കുമെന്ന് ശശീന്ദ്രന്റെ തീരുമാനം ഒടുവില്‍ തോല്‍വിയുടെ പേരില്‍ തിരിച്ചടിച്ചു. ഏതുതരംഗത്തിലും ഇടതിനെ കൈവിടാത്ത മണ്ഡലമായിരുന്നു എലത്തൂര്‍. അതുകൊണ്ടുതന്നെയായിരുന്നു ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി എ.കെ. ശശീന്ദ്രനെതിരെ വലിയ എതിര്‍പ്പ് മണ്ഡലത്തില്‍ ഉടനീളം ഉണ്ടായിട്ടും സിപിഎം പ്രതീക്ഷ കൈവിടാതെ നിന്നത്.
1980 മുതല്‍ തുടങ്ങിയതാണ് എ. കെ. ശശീന്ദ്രന്റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം. എലത്തൂരില്‍ മാത്രം ഇതുവരെ മൂന്ന് തവണ മത്സരിച്ചു ജയിച്ചു. നാലാം ഊഴത്തില്‍ അടി തെറ്റുകയും ചെയ്തു. പ്രായം പരിഗണിച്ചും പുതിയ ആളുകള്‍ക്ക് കടന്നുവരാനുള്ള സൗകര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു എ.കെ. ശശീന്ദ്രനെതിരെ ജില്ലാ കമ്മിറ്റിയില്‍ തന്നെ എതിര്‍പ്പ് ഉയര്‍ന്നത്. എ.കെ. ശശീന്ദ്രനെതിരെ പ്രമേയം പോലും പാസാക്കി. പക്ഷേ ഇത്തവണയും താന്‍ തന്നെ മത്സരിക്കുമെന്ന വാശിയിലായിരുന്നു എ.കെ ശശീന്ദ്രന്‍. ആ വാശിയാണ് ഇപ്പോള്‍ യുഡിഎഫിന് മണ്ഡലം തിരിച്ചുപിടിക്കാനുള്ള വഴിയൊരുക്കിയതും.