ചെന്നൈ: നടി തൃഷക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്ത് തഞ്ചാവൂര്‍ പൊലീസ്. കാവേരി വിഷയത്തിലെ പ്രസംഗത്തിനിടെ തൃഷക്കെതിരെ നടത്തിയ 'ദ്വയാര്‍ത്ഥ' പരാമര്‍ശത്തിലാണ് പൊലീസ് കേസെടുത്ത് നടപടി സ്വീകരിച്ചിരിക്കുന്നത്. ഉദയനിധി മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് ഉച്ചവരെ കോടതി അറസ്റ്റ് തടഞ്ഞിരുന്നു. ഔദ്യോഗിക വസതിയിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. അതേ സമയം അറസ്റ്റ് രേഖപ്പെടുത്തിയോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. കസ്റ്റഡിയിലെടുത്ത ഉദയനിധിയെ തഞ്ചാവൂരിലേക്ക് കൊണ്ടുപോയി എന്നാണ് പുറത്തുവരുന്ന വിവരം. എന്നാല്‍ ഇക്കാര്യത്തിലും സ്ഥിരീകരണം വന്നിട്ടില്ല.
ഉദയനിധിക്കെതിരെ തഞ്ചാവൂര്‍ പൊലീസാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകള്‍ അടക്കം ചുമത്തിയാണ് കേസെടുത്തത്. അറസ്റ്റ് അനുവദിക്കില്ലെന്ന് ഡിഎംകെ നേതാക്കള്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. നിയമസഭ സമ്മേളനത്തിനു തലേന്ന് ആസൂത്രിത നീക്കം എന്ന് ഡിഎംകെ ആരോപിച്ചു. മദ്രാസ് ഹൈക്കോടതിയില്‍ ഉദയനിധി നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി ഉച്ചയ്ക്ക് ശേഷം കോടതി പരിഗണിക്കും. വിഷയത്തില്‍ കോടതി നിലപാട് നിര്‍ണായകമാണ്.